ഭീകരാക്രമണം: സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സി.ഐ അഞ്ചു കോടി നല്‍കണം; സി.കെ ഖന്ന

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സി.ഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഇടാക്കാല ഭരണസമിതി(സി.ഒ.എ)യോട് ഖന്ന ഇക്കാര്യം ആവശ്യപ്പെട്ടു.

‘മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദുഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ നിര്‍ദേശിക്കുകയാണ് ‘ – സി.ഒ.എയ്ക്ക് അയച്ച കത്തില്‍ ഖന്ന കുറിച്ചു.

ബി.സി.സി.ഐയുടെ പൂര്‍ണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്. ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കില്‍ സി.ഒ.എയുടെ അനുമതി ആവശ്യമാണ്. ഐ.പി.എല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദേശിച്ചിട്ടുണ്ട്.

ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അറിയിച്ചിരുന്നു.ഇറാനി ട്രോഫി ജേതാക്കളായ വിദര്‍ഭ തങ്ങളുടെ സമ്മാനത്തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബത്തിന് നല്‍കുമെന്നും പറഞ്ഞിരുന്നു.

Top