ബിസിസിഐ; മുതിര്‍ന്നഅംഗം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുന്നത് അവസാനിക്കുന്നു

മുംബൈ: ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി.

ഇതോടെ, പുതിയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ വെങ്കിടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ക്ക് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത വര്‍ധിച്ചു. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയിലുള്ളവര്‍ക്ക് മതിയായ മത്സരപരിചയമില്ലെന്ന പതിവ് വിമര്‍ശനത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പുതിയ ഉപദേശിക സമിതിയെ ബിസിസിഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍.പി. സിങ്, വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്ന സുല്‍കാഷന നായിക് എന്നിവരാണ് സമിതിയംഗങ്ങള്‍. ഒരു വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം. നിലവിലയെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദ്, കമ്മിറ്റി അംഗം ഗഗന്‍ ഖോഡ എന്നിവരുടെ കാലാവധി ഉടനെ അവസാനിക്കും.

എന്നാല്‍, ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള ഏറ്റവും മുതിര്‍ന്ന അംഗമാകണം സെലക്ഷന്‍ കമ്മിറ്റിയെ നയിക്കേണ്ടതെന്നാണ് ബിസിസിഐയുടെ ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ഇരട്ടപ്പദവി വിവാദത്തെ തുടര്‍ന്ന് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ രാജിവച്ച ശേഷം ബിസിസിഐ ഉപദേശക സമിതി നിലവിലുണ്ടായിരുന്നില്ല.

അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍, അമയ് ഖുറാസിയ തുടങ്ങിയവരാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍. മാനദണ്ഡമനുസരിച്ച് ദേശീയ ടീം സെലക്ടറാകുന്നതിന് കുറഞ്ഞത് ഏഴു ടെസ്റ്റുകളെങ്കിലും കളിച്ച് പരിചയം വേണം. അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം അതുമല്ലെങ്കില്‍ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ച് പരിചയം. ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍ ബിസിസിഐ സെലക്ടര്‍ കമ്മിറ്റിയിലേക്ക് മത്സരിക്കാവുന്നതാണ്.

Top