രഹസ്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ നടപടി; ബിസിസിഐ ജീവനക്കാരോട് സെക്രട്ടറി

മുംബൈ: ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ.

സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് ജയ് ഷായുടെ ഓഫീസില്‍ നിന്ന് ബി.സി.സി.ഐയുടെ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ബി.സി.സി.ഐയുടെ മുംബൈയിലെ ആസ്ഥാനത്തും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ജോലി ചെയ്യുന്ന നൂറോളം ജീവനക്കാര്‍ക്കാണ് ജയ് ഷായുടെ ഓഫീസില്‍ നിന്ന് ഈ സന്ദേശമയച്ചത്.

ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജയ് ഷാ നിലപാട് കര്‍ശനമാക്കിയത്. ഇനിമുതല്‍ രഹസ്യവിവിവരങ്ങള്‍ പുറത്തുവിട്ടാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇനിമുതല്‍ മാധ്യമങ്ങളുമായി സംസാരിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.

Top