ഡല്‍ഹി: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയില്‍ കളിക്കുമെന്ന വാദങ്ങള്‍ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറര്‍ ആശിഷ് ഷെലാറാണ് വാദങ്ങള്‍ തള്ളിയത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങുമെന്നത് അടിസ്ഥാനരഹിതമാണ്. ഇത്തരം ചിന്തകള്‍ ചിലരുടെ സങ്കല്‍പ്പമാണ്. മെന്‍ ഇന്‍ ബ്ലൂ എന്നത് ഇന്ത്യയുടെ കായിക മേഖലയെ പ്രതിനിധീകരിക്കുന്നുവെന്നതും ബിസിസിഐ ട്രഷറര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പരിശീലന കിറ്റിന്റെ നിറം മാറിയിരുന്നു. നീല നിറത്തിലുള്ള പരിശീലന ജഴ്‌സിക്ക് പകരം ഇന്ത്യ ഇപ്പോള്‍ ഓറഞ്ച് ജഴ്‌സിയാണ് ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 14നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുക. അതിനുമുമ്പ് ഒക്ടോബര്‍ 11ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ മത്സരമുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിച്ചത് ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയിലാണ്. ജഴ്‌സിയുടെ കൈഭാഗത്തും പിന്‍ഭാഗത്തുമായിരുന്നു ഓറഞ്ച് നിറം. മുന്‍ഭാഗം കടും നീല നിറത്തിലായിരുന്നു. ലോകകപ്പിന് വേദിയായ ഇംഗ്ലണ്ടിന് നീല നിറത്തിലുള്ള ജഴ്‌സിയാണെന്നതായിരുന്നു ഇന്ത്യയുടെ ജഴ്‌സിയില്‍ മാറ്റം വരാന്‍ കാരണം. എന്നാല്‍ ഇത്തവണ വേദി ഇന്ത്യ ആണെന്നതിനാല്‍ ജഴ്‌സിയുടെ നിറത്തില്‍ മാറ്റം വരുത്തേണ്ടതില്ല.