ബിസിസിഐയോട് രാഹുലിന്റെയും പാണ്ഡ്യയുടെയും ക്ഷമാപണം; ‘ഇനി ആവര്‍ത്തിക്കില്ല’

ന്യൂഡല്‍ഹി; ബിസിസിഐയോട് ക്ഷമാപണം നടത്തി രാഹുലും പാണ്ഡ്യയും. സ്വകാര്യ ചാനല്‍ പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നടപടി നേരിടുന്ന വേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തിയത്. ഇരുവര്‍ക്കും നല്‍കിയ കാരണംകാണിക്കല്‍ മറുപടിയിലാണ് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്.

നേരത്തെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനും ഇരുവരും മറുപടി നല്‍കിയിരുന്നു. ഇതില്‍ മാപ്പപേക്ഷ കാണിച്ചെങ്കിലും അത് സ്വീകാര്യമല്ലെന്നും നടപടിക്ക് വിധേയരാകണമെന്നുമാണ് ചെയര്‍മാന്‍ വിനോദ് റായ് നിര്‍ദ്ദേശിച്ചത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെ താല്‍ക്കാലിക സസ്‌പെന്‍ഷന്‍ ലഭിച്ച ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് ഇരുവരും ഇപ്പോള്‍ ബിസിസിഐക്ക് മറുപടി നല്‍കിയത്. ലോകകപ്പിനുള്ള ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെങ്കിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.

Top