പാകിസ്താനെതിരെ കളിക്കില്ലെന്ന് ബിസിസിഐ ഒരിക്കലും പറഞ്ഞിട്ടില്ല: പിസിബി മുൻ ചെയർമാൻ

പാകിസ്താനെതിരെ കളിക്കില്ലെന്ന് ബിസിസിഐ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ തൗഖീർ സിയ. സർക്കാരുകളാണ് പാകിസ്താൻ-ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങൾക്ക് എതിരുനിന്നിട്ടുള്ളത്. ഇരു ബോർഡുകളുടെയും ഇപ്പോഴത്തെ ചെയർമാന്മാരായ സൗരവ് ഗാംഗുലിയും റമീസ് രാജയും മുൻ ക്രിക്കറ്റ് താരങ്ങളായതിനാൽ അവർക്ക് ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ പ്രാധാന്യം മനസ്സിലാവും എന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Top