ചരിത്രനേട്ടത്തില്‍ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ

kohli

ന്യൂഡല്‍ഹി: ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ചരിത്രവിജയം സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ. ‘ടെസ്റ്റ് റാങ്കിങില്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കൊഹ്‌ലി ഒന്നാം സ്ഥാനത്തെത്തിത്. 2011ല്‍ ഈ നേട്ടത്തിലെത്തിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ്‌ലി’ ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.

തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടി കൊഹ്‌ലി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് റാങ്കിങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2011 ജൂണിലാണ് സച്ചിന്‍ അവസാനമായി ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചത്. ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ തലപ്പത്തെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കൊഹ്‌ലി.

നേരത്തെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരാണ് ഇതിനു മുമ്പ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം റാങ്ക് അലങ്കരിച്ച ഇന്ത്യന്‍ താരങ്ങള്‍.

Top