അജിത് അഗാര്‍ക്കറെ ചീഫ് സെലക്‌ടറാക്കാന്‍ നീക്കവുമായി ബിസിസിഐ

മുംബൈ: ബിസിസിഐയുടെ മുഖ്യ സെലക്‌ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ എത്തുമെന്ന് സൂചന. സെലക്‌ടർ സ്ഥാനത്തേക്ക് അഗാര്‍ക്കര്‍ അപേക്ഷിച്ചതായാണ് വാര്‍ത്തകള്‍. സെലക്‌ടര്‍ സ്ഥാനത്തേക്ക് വമ്പന്‍ താരങ്ങളെ ആകര്‍ഷിക്കാന്‍ ബിസിസിഐ പ്രതിഫലം ഉയര്‍ത്തുന്നത് ആലോചിക്കുന്നതായി ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒരു കോടി രൂപയാണ് മുഖ്യ സെലക്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം. സെലക്‌ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്നാണ്. ജൂലൈ 1 മുതല്‍ ഇവരുടെ അഭിമുഖങ്ങള്‍ നടന്നേക്കും.

നിലവില്‍ ചീഫ് സെലക്‌ടര്‍ക്ക് നല്‍കുന്ന ഒരു കോടി രൂപയേക്കാള്‍ കമന്ററിയടക്കമുള്ള മറ്റ് ചുമതലകളില്‍ മുന്‍ താരങ്ങള്‍ക്ക് നേടാന്‍ കഴിയും എന്ന വിലയിരുത്തലാണ് ബിസിസിഐയെ കൊണ്ട് പ്രതിഫലം കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. ചീഫ് സെലക്‌ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദങ്ങളെ തുടര്‍ന്ന് പുറത്തായതോടെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാകും മുഖ്യ സെലക്‌ടറാവുക. സെലക്‌ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സുമായി അഗാര്‍ക്കര്‍ വഴിപിരിഞ്ഞിരുന്നു. ക്യാപിറ്റല്‍സിന്റെ സഹപരിശീലകനായിരുന്നു അഗാര്‍ക്കര്‍.

മുമ്പും ഇന്ത്യന്‍ ടീമിന്‍റെ സെലക്‌ടര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാര്‍ക്കറിന്റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ 2000ങ്ങളില്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 ഉം, ഏകദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റാണ് സമ്പാദ്യം. അജിത് അഗാര്‍ക്കര്‍ക്ക് പുറമെ ബിസിസിഐയുടെ മുഖ്യ സെലക്‌ടര്‍ സ്ഥാനത്തേക്ക് രവി ശാസ്‌ത്രി, ദിലിപ് വെങ്‌സര്‍കാര്‍ തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Top