ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താല്‍പ്പര്യം ഉയര്‍ത്താനുള്ള ശ്രമവുമായി ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താല്‍പ്പര്യം ഉയര്‍ത്താനുള്ള ശ്രമവുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലം ഉയര്‍ത്താനാണ് ബിസിസിഐ നീക്കം. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് ഉള്‍പ്പടെ ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ബോര്‍ഡ് പ്രതിഫലം ഉയര്‍ത്താന്‍ ശ്രമം നടത്തുന്നത്.

ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ദേശീയ ടീമില്‍ നിന്ന് ഇടവേളയെടുത്ത് ഐപിഎല്ലിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടും ഇഷാന്‍ കിഷന്‍ അടക്കം ഇത് നിഷേധിച്ചിരുന്നു. താരങ്ങളുടെ നടപടിയില്‍ തുടര്‍ച്ചയായി അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കളിക്കാരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

നിലവില്‍ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തിന് മത്സരത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലം. ആറ് ലക്ഷം രൂപ ഏകദിന ക്രിക്കറ്റിനും മൂന്ന് ലക്ഷം രൂപ ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നതിനും ലഭിക്കും. ഇതിന് പുറമെ ഒരു വര്‍ഷം ദേശീയ ടീമിന് വേണ്ടി എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിക്കുന്ന താരത്തിന് പ്രത്യേക ബോണസ് തുക അനുവദിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Top