ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവി എന്താകും; ബിസിസിഐ യോഗം ചേര്‍ന്നു

മുംബൈ: ഈ മാസം 29ന് മുംബൈയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെ ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 15 വരെ നീട്ടിവച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവി നിശ്ചയിക്കാന്‍ മുംബൈയില്‍ യോഗം ചേര്‍ന്ന് ബിസിസിഐ നേതൃത്വവും ക്ലബ് ഉടമകളും.

ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട മൈതാനത്തു നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു നീട്ടിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ നടത്തിപ്പിനായി ഏഴോളം മാര്‍ഗങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 80ല്‍ അധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് രണ്ട് കൊറോണ ബാധിത മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്‍ എന്നു തുടങ്ങുമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞ് സാഹചര്യം വിലയിരുത്തിയശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. അപ്പോഴേക്കും കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ’യെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകളില്‍ ഒരാളായ നെസ് വാഡിയ പ്രതികരിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top