ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിന് അനുമതി നൽകി ബി.സി.സി.ഐ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗിന് ബി.സി.സി.ഐ അനുമതി നൽകി. ഇന്നലെ മുംബൈയിൽ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് വനിതാ ഐ.പി.എല്ലിന് അനുമതി നൽകിയത്.

18 കളിക്കാർ വീതമുള്ള അഞ്ച് ടീമുകളാണ് ആദ്യ സീസണിൽ ഉണ്ടാകുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുപത് മത്സരങ്ങളാണ് നടക്കുക. ടീമുകളെ നഗരാടിസ്ഥാനത്തിലായിരിക്കും രൂപികരിക്കുക. ദക്ഷിണേന്ത്യയിൽ നിന്നും കൊച്ചിയേയും വിശാഖപട്ടണത്തേയും ടീമുകളായി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ,സ്മൃതി മന്ദാന,ജെമീമ റോഡ്രിഡസ്,ദീപ്തി ശർമ എന്നിവർ വനിതാ ഐ.പി.എല്ലി നായി നേരത്തെ രംഗത്ത് വന്നിരുന്നു. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പിന് ശേഷമായിരിക്കും ഐ.പി.എൽ നടക്കുക.

മത്സര വേദികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും 2 വേദികളിലായി മത്സരം പരിമിതപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ പത്ത് മത്സരങ്ങള്‍ ഒരു വേദിയിലും അടുത്ത പത്ത് മത്സരങ്ങള്‍ മറ്റൊരു വേദിയിലുമായിരിക്കും നടക്കുക. അതേസമയം ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ സൗരവ് ഗാംഗുലി ബി. ബി. സി യുടെ അധ്യക്ഷ സ്ഥാനം റോജർ ബിന്നിക്ക് കൈമാറി. ബി. സി. സി. ഐ യുടെ 36 മത് പ്രസിഡന്റായാണ് ബിന്നി അധികാരമേറ്റത്.

Top