ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണമെന്ന ആവശ്യവുമായി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ.

റദ്ദാക്കിയ മത്സരം പുനക്രമീകരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സരം പുനക്രമീകരിക്കുന്നതിനായി രണ്ട് ബോര്‍ഡുകളും പരിശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ബിസിസിഐ എപ്പോഴും കളിക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഈ പ്രയാസകരമായ സമയങ്ങളില്‍ ഇസിബിയുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നു. കൂടാതെ ആവേശകരമായ ഒരു പരമ്പര പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നു, ബിസിസിഐ കൂട്ടിച്ചേര്‍ത്തു.

 

Top