ക്രിക്കറ്റ് ലോകത്ത് തിളങ്ങി നില്‍ക്കുന്ന പലരും ക്രിമിനലുകള്‍; ബിസിസിഐ വിലക്ക് നീതി രഹിതമെന്ന് ശ്രീശാന്ത്

മുബൈ:’ബിസിസിഐ തനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തികച്ചും നീതി രഹിതമെന്ന വിമര്‍ശനവുമായ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്‌സിങ് നടത്തിയ കുറ്റവാളികളാണെന്നും നിരപരാധിയായ തന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങളാണ് വ്യാജ ആരോപണത്തിന്റെ പേരില്‍ നഷ്ടമായതെന്നും ശ്രീശാന്ത് തുറന്നടിച്ചു.

‘എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്‌സിങ് നടത്തിയ കുറ്റവാളികളാണ്. പക്ഷേ അവരൊക്കെ ഇപ്പോഴും നിര്‍ബാധം കളിക്കുമ്പോള്‍ തീര്‍ത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുകയാണ്.’ എന്നായിരുന്നു ശ്രീശാന്തിന്റ പ്രതികരണം.

തനിക്ക് തന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് എനിക്ക് പ്രാണവായുവാണ്. രാജ്യത്തിനുവേണ്ടി ജേഴ്‌സിയണിയുക എന്നതില്‍പ്പരം അഭിമാനം തരുന്ന മറ്റൊന്നില്ല. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

Top