ഐപിഎല്‍ നടന്നില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഉണ്ടാകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി

മുംബൈ: ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ബിസിസിഐയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ബിസിസിഐ. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ബിസിസിഐ. ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഐപിഎല്‍ അതിനാല്‍ ഐപിഎല്‍ നടന്നില്ലെങ്കില്‍ വലിയ സാമ്പത്തിക തിരിച്ചടി നേരിടുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലിന്റെ വെളിപ്പെടുത്തല്‍.

കൊവിഡ് 19 വൈറസ് രോഗബാധമൂലം നിര്‍ത്തിവെച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതകളാണ് ബിസിസിഐ നേരിടേണ്ടിവരികയെന്നും അരുണ്‍ ധുമാല്‍ സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐപിഎല്‍ എന്ന് ആരംഭിക്കാനാകുമെന്നതിനെക്കുറിച്ച് നിലവില്‍ ബിസിസിഐക്കും ധാരണയില്ല. കാത്തിരിക്കുകയേ നിര്‍വാഹമുള്ളുവെന്നും ധുമാല്‍ വ്യക്തമാക്കി.

ബിസിസഐയുടെ പ്രതിസന്ധി സംസ്ഥാന അസോസിയേഷനുകളെയും ബാധിക്കും. സ്റ്റേഡിയങ്ങളും അവിടങ്ങളിലെ വിലകൂടിയ യന്ത്രസംവിധാനങ്ങളും അവിടുത്തെ ജീവനക്കാരെയും എല്ലാം നോക്കേണ്ട ചുമതലയുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്ക് അതിന് കഴിയാതെ വരും. ബിസിസിഐയില്‍ ശമ്പളം വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അത് അവസാന നടപടിയായി മാത്രമെ ആലോചിക്കു. കൊവിഡ് മഹാമാരി വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. കൊവിഡ് ആശങ്കയൊഴിഞ്ഞാല്‍ വിവിധ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.

Top