പുതിയ ഐപിഎല്‍ ടീമുകള്‍ക്കുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി ബിസിസിഐ

പുതിയ ഐപിഎല്‍ ടീമുകള്‍ക്കുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടി ബിസിസിഐ. 10 ദിവസത്തേക്ക് കൂടിയാണ് ബിസിസിഐ നീട്ടിയത്. നേരത്തെ ഒക്ടോബര്‍ 10 ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇത് ഒക്ടോബര്‍ 20ലേക്കാണ് നീട്ടിയത്.

2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 300 കോടി രൂപ വീതം വര്‍ധിപ്പിച്ച് 2000 കോടി ആക്കുകയായിരുന്നു.

പുതിയ ഐപിഎല്‍ ടീമുകള്‍ക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യഥാക്രമം അദാനി ഗ്രൂപ്പും ആര്‍പിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികള്‍ക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹമ്മദാബാദ്  കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈസിക്കായാണ് അദാനി ഗ്രൂപ്പിന്റെ ശ്രമമെങ്കില്‍ ആര്‍പിഎസ്ജി ഗൂപ്പ് ലക്‌നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്.

അദാനിക്കും ആര്‍പിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൊറന്റ് ഫാര്‍മ, ഹൈദരാബാദില്‍ നിന്നുള്ള ഔര്‍ബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികളും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസണ്‍ മുതല്‍ ഐപിഎലില്‍ ഉണ്ടാവുക.

 

Top