സഞ്ജുവിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പക്കരുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് അതില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ശ്രേയസിന്റെ പകരക്കാരനായി ആരെയും ടീമിലെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സഞ്ജു ലോകകപ്പ് ടീമിലെത്താതിരിക്കാനുള്ള തന്ത്രമാണിതെന്നുവരെ വിമര്‍ശനങ്ങള്‍ ഉണ്ടായി.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം അദ്ദേഹം പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ കായിക്ഷമത കൈവരിക്കാത്തതാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. കായികക്ഷമത വീണ്ടെടുക്കുന്നതിനായി സഞ്ജു ഇപ്പോഴും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഫീല്‍ഡിംഗിനിടെയാണ് സ‍ഞ്ജുവിന് പരിക്കേറ്റത്.

സഞ്ജു ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിന് കായികക്ഷമത തെളിയിക്കാനാവാത്തതിനാല്‍ ആദ്യ ഏകദിനത്തിനുള്ള ടീമിലുള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ബിസിസിഐ പ്രതിനിധി പറ‍ഞ്ഞു. രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്നും തിരക്കിട്ട മത്സരക്രമം കാരണം സ‍ഞ്ജുവിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം കിട്ടിയേക്കില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്‍ ആദ്യ ഏകദിനത്തിലും നിറം മങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വര്‍ഷം ഡബിള്‍ സെഞ്ചുറി നേടിയശേഷം തിളങ്ങിയിട്ടില്ലെങ്കിലും ഇഷാന് ടീമില്‍ സ്ഥിരമായി അവസരം ലഭിക്കുമ്പോള്‍ ഏകദിനങ്ങളില്‍ ലഭിച്ച അവസരങ്ങളില്‍ തിളങ്ങുകയും മികച്ച ശരാശരിയുമുള്ള സ‍ഞ്ജുവിനെ ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും മധ്യനിരയിലും കെ എല്‍ രാഹുല്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയതോടെ ടീമിലെടുത്താലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

Top