ബിസിസിഐ വാര്‍ഷിക കരാര്‍; ഭുവിയും രഹാനെയും അടക്കമുള്ള താരങ്ങൾക്ക് മുൻപിൽ വാതിലുകൾ അടയുന്നു

മുംബൈ: ബിസിസിഐ അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടത് ഭുവനേശ്വര്‍ കുമാറും അജിങ്ക്യാ രഹാനെയും മായങ്ക് അഗര്‍വാളും അടക്കമുള്ള പ്രമുഖര്‍. അതേസമയം, പ്രായം 37 ആയെങ്കിലും ശിഖര്‍ ധവാനെ സി ഗ്രേഡ് കരാറില്‍ നിലനിര്‍ത്തിയതും ആരാധകരെ അത്ഭുതപ്പെടുത്തി.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് ധവാനെ സി ഗ്രേഡ് കരാറില്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. യുവതാരം ശുഭ്മാന്‍ ഗില്‍ ധവാന് പകരം ഓപ്പണറായി തിളങ്ങുന്നുണ്ടെങ്കിലും ഗില്ലിന് പരിക്കേറ്റാല്‍ പകരം ഓപ്പണറായി പരിഗണിക്കുന്ന ഇഷാന്‍ കിഷന്‍ മങ്ങിയ ഫോം തുടരുന്നത് ധവാന് അനുകൂല ഘടകമാണ്. ലോകകപ്പിനായി തയാറെടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തന്നോട് പറഞ്ഞിരുന്നതായി ധവാന്‍ കഴിഞ്ഞ ദിവസം ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സി ഗ്രേഡില്‍ നിലനിര്‍ത്തിയത് ധവാന് ആശ്വാസമായപ്പോള്‍ മറ്റ് സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാറിനും അജിങ്ക്യാ രഹാനെക്കും ഇഷാന്ത് ശര്‍മക്കും വൃദ്ധിമാന്‍ സാഹക്കും കരാര്‍ നഷ്ടമായത് കനത്ത നഷ്ടമാണ്. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇവര്‍ക്ക് അസാധരണ പ്രകടനം പുറത്തെടുക്കേണ്ടിവരും.

34കാരായ രഹാനെയുടെയും ഇഷാന്തിന്റെയും ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യത അടക്കുന്നത് കൂടിയാണ് ബിസിസിഐയുടെ അടുത്ത വര്‍ഷത്തെ കരാര്‍ പ്രഖ്യാപനം. അതേസമയം കരാറില്‍ നിന്ന് പുറത്തായെങ്കിലും 30കാരായ മായങ്കിനും ഹനുമാ വിഹാരിക്കും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാല്‍ ഇനിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ഭുവനേശ്വര്‍ കുമാറിനെ കരാറില്‍ നിന്ന് പാടെ അവഗണിച്ചതും ആരാധകരെ അമ്പരപ്പിച്ചു. അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി എന്നിവരുടെ വരവോടെ ഭുവിയുടെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു എന്നാണ് വിലയിരുത്തല്‍. അതേസമയം, അടിക്കടി ഉണ്ടാകുന്ന പരിക്കാണ് ദീപക് ചാഹറിന്റെ കാര്യത്തില്‍ വില്ലനായത്.

Top