ഏഷ്യന്‍ ഗെയിംസ് കളിക്കാന്‍ ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾക്ക് ബി.സി.സി.ഐ അനുമതി

മുംബൈ: 2023 ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി ബി.സി.സി.ഐ. വെള്ളിയാഴ്ച ചേര്‍ന്ന അപെക്‌സ് കൗണ്‍സില്‍ യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഏഷ്യന്‍ ഗെയിംസില്‍ കളിക്കും.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ചൈനയുടെ ഹാങ്ഷുവാണ് ഗെയിംസിന് വേദിയാകുന്നത്. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് പുരുഷ ക്രിക്കറ്റില്‍ കളിക്കുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം നിര ടീം തന്നെ കളിക്കും. പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 28 നും വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 നും ആരംഭിക്കും.

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ മാത്രമാണ് ക്രിക്കറ്റ് ഇനമായത്. അവസാനമായി ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെട്ടത് 2014 ലാണ്. അന്ന് ഇന്ത്യ പങ്കെടുത്തിരുന്നില്ല. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഏഷ്യന്‍ ഗെയിംസില്‍ ഇറങ്ങുന്നത്. വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും.

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്തയും ബി.സി.സി.ഐ. പുറത്തുവിട്ടു. 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഐ.പി.എല്ലിന് സമാനമായി ഇംപാക്ട് പ്ലെയര്‍ സംവിധാനം വരും. ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമുകള്‍ക്കും മത്സരത്തിനിടെ ഇംപാക്ട് പ്ലെയറെ ഉപയോഗിക്കാം. പക്ഷേ ഇത് നിര്‍ബന്ധമല്ല.

Top