സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ജനുവരിയില്‍;ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയ്ക്കു മുമ്പേ, ജനുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ. ഇതോടനുബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷനുകളുമായി ബിസിസിഐ ചര്‍ച്ച നടത്തിക്കഴിഞ്ഞു. താരങ്ങള്‍ക്ക് ബയോ ബബിള്‍ സുരക്ഷയോടെ ഹോട്ടലുകളില്‍ താമസിപ്പിച്ച് ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പശ്ചിമ ബംഗാളില്‍ മത്സരങ്ങള്‍ നടത്താനായി ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളുമായി (സിഎബി) ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്. ടൂര്‍ണമെന്റിന് വേദിയാവാന്‍ താല്‍പര്യം അറിയിച്ച് അഞ്ചോളം ക്രിക്കറ്റ് അസോസിയേഷനുകളാണ് ബിസിസിഐയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം. ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടാകുന്നത്

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ത്തന്നെ ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ അതിന് മുമ്പായി മെഗാ താരലേലം നടത്താനുള്ള ആലോചനയുണ്ട്. അതിനാല്‍ ഇതിന് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടത്തിയാല്‍ നിരവധി യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരം ലഭിക്കും. മാത്രമല്ല, ഐപിഎല്ലിന് മുമ്പായി താരങ്ങള്‍ക്ക് കളിച്ച് ഫോം കണ്ടെത്താനുള്ള അവസരം കൂടിയാണിത്. എം എസ് ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ഐപിഎല്ലിന് മുമ്പ് ഫോം കണ്ടെത്തേണ്ടതുള്ളതിനാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ധോണിയും കളിക്കാനുള്ള സാധ്യത കൂടുതലാണ്.

ആഭ്യന്തര മത്സരങ്ങള്‍ നീണ്ട് പോകുന്നത് ഇന്ത്യയിലെ യുവതാരങ്ങളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു. അടുത്ത ദിവസം തന്നെ ടൂര്‍ണമെന്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. രഞ്ജി ട്രോഫിക്കായുള്ള പദ്ധതികളും ഇതിനിടെ ബിസിസിഐ തയ്യാറാക്കുന്നുണ്ട്.

Top