ന്യൂഡല്‍ഹി: എല്ലാ കായിക താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാകും. ക്രിക്കറ്റ് താരങ്ങളെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ബി.സി.സി.ഐ സമ്മതിച്ചു.
നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും വെള്ളിയാഴ്ച ബി.സി.സി.ഐ. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാഹുല്‍ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം.
ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനും ബാധകമാണെന്ന വ്യവസ്ഥ ബി.സി.സി.ഐ. അംഗീകരിച്ചു. ഇതോടെ ബി.സി.സി.ഐ.യും ഒരു ദേശീയ സ്പോര്‍ട്സ് ഫെഡറേഷനായി മാറും. ബി.സി.സി.ഐ. വിവരാവകാശത്തിന്റെ കീഴില്‍ വരാനും സാധ്യത തെളിഞ്ഞു.
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയ്ക്കെതിരേ നാഡ രംഗത്തെത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നാഡയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചത്.
മത്സരം ഇല്ലാത്ത സമയത്ത് വര്‍ഷത്തില്‍ മൂന്നുതവണ ഓരോ താരങ്ങളും ഇനി പരിശോധനയ്ക്ക് വിധേയമാകണം. പറഞ്ഞ സമയത്ത് പരിശോധനയ്ക്ക് എത്തിയില്ലെങ്കില്‍ നാഡയുടെ നടപടിയുണ്ടാകും.