ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പില്‍ മറ്റാരും ഇടപെടേണ്ടെന്ന് ബിസിസിഐ

BCCI

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും വാക്‌പോരില്‍. വിരാട് കൊഹ്‌ലിയെ ടീമിലെടുക്കാത്തത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നു ടൂര്‍ണമെന്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട് എസിസിക്കു കത്തയച്ചിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ അസാന്നിധ്യം പ്രേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പറയുന്നത്. കൊഹ്‌ലി കളിക്കാത്തത് തങ്ങളുടെ വരുമാനത്തില്‍ കാര്യമായ ഇടിവു വരുത്തും. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളാകും ടൂര്‍ണമെന്റിനെത്തുക എന്ന എസിസിയുമായുള്ള കരാറിന്റെ ലംഘനമാണിതെന്നും കാട്ടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് എസിസിക്ക് ഇ-മെയില്‍ അയച്ചത്.

എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പില്‍ മറ്റാരും ഇടപെടേണ്ടെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ഇന്ത്യയുടെ മികച്ച ടീം തന്നെയാണ് ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. ഏതൊക്കെ കളിക്കാരെ ടൂര്‍ണമെന്റിന് അയയ്ക്കണമെന്നും വിശ്രമം നല്‍കണമെന്നും ബിസിസിഐയുടെ സെലക്ടര്‍മാരുടെ തീരുമാനമാണെന്നും ബിസിസിഐ വ്യക്തമാക്കി.

Top