മുഹമ്മദ് ഷമിക്കെതിരായ ആരോപണം; ബിസിസിഐ അന്വേഷണത്തിനൊരുങ്ങുന്നു

shami

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയാവും അന്വേഷിക്കുക.

അഴിമതിവിരുദ്ധ സമിതി തലവന്‍ നീരജ് കുമാറിനോട് ഈ ആരോപണത്തിേന്മല്‍ അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ സിഎജി വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിനിസ്‌ട്രേറ്റേഴ്‌സ് ആവശ്യപ്പെട്ടു.

ഹസിന്‍ മാധ്യമങ്ങള്‍ക്കും പൊലീസിനും നല്‍കിയ ശബ്ദരേഖകളാണ് ഇപ്പോള്‍ ഷമിക്ക് കുരുക്കായിരിക്കുന്നത്. ഷമിയും ഭാര്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇംഗ്ലണ്ടിലുള്ള ഒരു മുഹമ്മദ് ഭയ്യ തനിക്ക് ഒരു പാക്കിസ്ഥാനി യുവതിയിലൂടെ പണം നല്‍കിയെന്ന് ഷമി പറയുന്നുണ്ട്. ഈ പണം ഷമി ഒത്തുകളിച്ച് വാങ്ങിയതാണെന്ന് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.

ഇത് പരിശോധിക്കാനാണ് ബിസിസിഐയുടെയും തീരുമാനം. നേരത്തെ പൊലീസ് അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു ബോര്‍ഡ്. പൊലീസ് ആവശ്യപ്പെട്ടപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെയും ഷമിയുടെ യാത്രാരേഖകളും കൈമാറാമെന്നു ബിസിസിഐ പറഞ്ഞിരുന്നു.

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിയ്ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷമിയുടെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ കോല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.

Top