എയ്റോ ഇന്ത്യ ഷോ നടക്കുന്ന 10 കിമീ ചുറ്റളവിൽ നോൺ വെജ് ഭക്ഷണം പാടില്ലെന്ന് ബിബിഎംപി ഉത്തരവ്

ബെം​ഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന്റെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു.

ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും അറിയിച്ചതായി ബിബിഎംപി അറിയിച്ചു.

നിരോധനം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അറിയിപ്പ് നൽകി. നോൺ വെജ് ഭക്ഷണത്തിന്റെ മാലിന്യം പക്ഷികളെ ആകർഷിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. എയർഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളുമടക്കം മൊത്തം 731 എക്സിബിറ്റർമാർ രജിസ്റ്റർ ചെയ്തതായി എയ്റോ ഇന്ത്യ അറിയിച്ചു. 1996 മുതൽ 13 എഡിഷൻ എയ്‌റോ ഇന്ത്യ എക്സ്പോ സംഘടിപ്പിച്ചിട്ടുണ്ട്.

Top