ബിബിസിയെ രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. ബിബിസി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹർജി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വൻ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവർത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെടുന്നത്.

ബിബിസിക്ക് രാജ്യത്ത് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നാണ് പൊതുതാൽപ്പര്യ ഹർജിയിലെ ആവശ്യം. രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവർത്തനവും നിരോധിക്കണം.

ഇന്ത്യ വിരുദ്ധ, കേന്ദ്രസർക്കാർ വിരുദ്ധ വാർത്തകളുടേയും, ഡോക്യുമെന്ററി, ഷോർട്ട് ഫിലിമുകൾ തുടങ്ങിയവയെയും, ബിബിസിയുടെ ഇന്ത്യയിലെ ജേർണലിസ്റ്റുകളെപ്പറ്റിയും അന്വേഷണം നടത്താൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിൽ ഹിന്ദുസേനയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

Top