ജര്‍മ്മനിയിലെ രാജാക്കന്മാര്‍ ബയേണ്‍ തന്നെ, നേട്ടം തുടര്‍ച്ചയായ ആറാം തവണ

മ്യൂണിക്: ജര്‍മ്മനിയിലെ രാജാക്കന്മാര്‍ ബയേണ്‍ മ്യൂണിക്ക് തന്നെ. ഓഗ്‌സ്ബര്‍ഗിനെ ഒന്നിനതെിരെ നാല് ഗോളിന് തോല്‍പ്പിച്ച് ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം തുടര്‍ച്ചയായ ആറാം തവണയും ബയേണ്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് ബയേണിന്റെ നേട്ടം.

തോമസ് മുള്ളര്‍, ഹമ്മല്‍സ്, ഹാവി മാര്‍ട്ടിനസ് എന്നിവരെയെല്ലാം സൈഡ് ബെഞ്ചിലിരുത്തിയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. സെവിയ്യക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ മത്സരം മുന്നില്‍ക്കണ്ട് മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു.

ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് ബയേണ്‍ തിരിച്ചടിച്ചത്. നിക്‌ളസ്‌ സുലെയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഓഗ്‌സ്ബര്‍ഗ് ലീഡ് നേടിയത്. എന്നാല്‍ ആദ്യപകുതിക്ക് മുന്‍പ് ടോളിസോയിലൂടെയും ഹാമിഷ് റോഡ്രിഗസിലൂടെയും ബയേണ്‍ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്‍ ആര്യന്‍ റോബനും സാന്‍ഡ്രോ വാഗ്നരും ബയേണിന്റെ പട്ടിക തികച്ചു.

29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 72 പോയിന്റാണ് ബയേണിനുള്ളത്. ബയേണിന്റെ 28ാം ബുണ്ടസ് ലിഗ കിരീടമാണിത്.

Top