ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണികിന് വീണ്ടും തോല്‍വി

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണികിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോഹുമാണ് നിലവിലത്തെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ബുന്ദസ്ലിഗയില്‍ ബയേണിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബയര്‍ ലെവര്‍കുസൈനുമായി ഇപ്പോള്‍ ബയേണിന് എട്ട് പോയിന്റ് വ്യത്യാസമുണ്ട്.

ചാമ്പ്യന്‍സ് ലീഗിലും ബുന്ദസ്ലിഗയിലുമായി ബയേണ്‍ മ്യൂണികിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. തുടര്‍തോല്‍വിയിലും പരിശീലകന്‍ തോമസ് തുഹലിനെ പുറത്താക്കില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. അടുത്ത മത്സരങ്ങളില്‍ തിരിച്ചുവരവിനുള്ള ശ്രമമാണ് ക്ലബ് നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ 11 തവണയും ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ചാമ്പ്യന്മാരായത് ബയേണ്‍ മ്യൂണികായിരുന്നു. ഇത്തവണ ചരിത്രത്തിലാദ്യമായി ലെവര്‍കുസൈന്‍ ജര്‍മ്മന്‍ ഫുട്‌ബോളിന്റെ രാജാക്കന്മാരാകുമോയെന്നും കാത്തിരുന്നു കാണണം. ബോഹുമിനെതിരെ ബയേണിന് വേണ്ടി ജമാല്‍ മുസിയാല, ഹാരി കെയ്ന്‍ എന്നിവര്‍ ഗോള്‍ നേടി. തകുമ അസാനോ, കെവന്‍ ഷ്‌ലോട്ടര്‍ബെക്ക്, കെവിന്‍ സ്റ്റോഗര്‍ എന്നിവരാണ് ബോഹുമിനായി ഗോളുകള്‍ നേടിയത്.

Top