ബുന്ദസ്ലിഗയില്‍ ഹോഫെന്‍ഹെയിമിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്

മ്യൂണിക്: ബുന്ദസ്ലിഗയില്‍ ഹോഫെന്‍ഹെയിമിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ ജയം. ജമാല്‍ മുസിയാല ഇരട്ട ഗോള്‍ നേടി. ഹാരി കെയ്‌നാണ് മറ്റൊരു ഗോള്‍ നേടിയത്. ബുന്ദസ്ലിഗയിലെ ഒരു സീസണിന്റെ ആദ്യ പകുതിയില്‍ ബയേണിനായി കൂടുതല്‍ ഗോളെന്ന റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഹാരി കെയ്‌ന് കഴിഞ്ഞു.

ആദ്യ പകുതിയില്‍ 18-ാം മിനിറ്റില്‍ ബയേണ്‍ മുന്നിലെത്തി. മുസിയാലയുടേതാണ് ആദ്യ ഗോള്‍. 70 മിനിറ്റില്‍ മുസിയാല വീണ്ടും ഗോള്‍ നേടി. 90-ാം മിനിറ്റിലെ ഹാരി കെയ്‌നിന്റെ ഗോളോടെ ബയേണ്‍ ആധികാരിക വിജയം സ്വന്തമാക്കി.

സീസണില്‍ 22 ഗോളാണ് ഇംഗ്ലീഷ് താരം ഇതുവരെ ബയേണില്‍ നേടിയത്. ബയേണിനായി 500 മത്സരങ്ങളെന്ന റെക്കോര്‍ഡിലെത്താന്‍ ഗോള്‍ കീപ്പര്‍ മാനുവേല്‍ ന്യൂയറിനും സാധിച്ചു. അന്തരിച്ച ജര്‍മ്മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവറിന് മത്സരത്തിന് മുമ്പ് താരങ്ങള്‍ ആദരമര്‍പ്പിച്ചു.

Top