ബയേണ്‍ മ്യൂണിക്കും റയല്‍ മഡ്രിഡും 2023-2024 ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍

മ്യൂണിക്ക്: കരുത്തരായ ബയേണ്‍ മ്യൂണിക്കും റയല്‍ മഡ്രിഡും 2023-2024 ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍. ബയേണ്‍ ഗലറ്റസറെയെയും റയല്‍ ബ്രാഗയെയും തകര്‍ത്തു. എന്നാല്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ദുര്‍ബലരായ കോപ്പന്‍ഹേഗന്‍ അട്ടിമറിച്ചു.ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ബയേണ്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഗലറ്റസറെയെ കീഴടക്കി. സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. ഗലറ്റസറെയെയ്ക്ക് വേണ്ടി സെഡ്രിക്ക് ബക്കംബു ആശ്വാസ ഗോള്‍ നേടി. ബയേണിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ഇതോടെ ടീം പ്രീ ക്വാര്‍ട്ടറിലെത്തി.

യുണൈറ്റഡിനായി യുവതാരം റാസ്മസ് ഹോയ്ലണ്ട് ഇരട്ട ഗോള്‍ നേടിയപ്പോള്‍ നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു. മുഹമ്മദ് എല്‍യൗനോസി. ഡീഗോ ഗോണ്‍സാല്‍വസ്, ലൂക്കാസ് ലെറാഗര്‍, റൂണി ബ്രാഡ്ഗി എന്നിവര്‍ കോപ്പന്‍ഹേഗനുവേണ്ടി ലക്ഷ്യം കണ്ടു. നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള യുണൈറ്റഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. വെറും മൂന്ന് പോയന്റ് മാത്രമാണ് ടീമിനുള്ളത്. കോപ്പന്‍ഹേഗന്‍ ഈ വിജയത്തോടെ രണ്ടാമതെത്തി. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ യുണൈറ്റഡിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ. മൂന്ന് മത്സരങ്ങളില്‍ ടീം തോറ്റു.

റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രാഗയെ പരാജയപ്പെടുത്തിയത്. ബ്രാഹിം ഡയസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ ടീമിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പ് സിയില്‍ റയല്‍ നാലില്‍ നാലും വിജയിച്ചതോടെയാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ നാപ്പോളിയാണ് ഗ്രൂപ്പില്‍ രണ്ടാമത്.

 

Top