ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദ്ദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത; മഴ ജാഗ്രത പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യുനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം. വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലും രണ്ട് നാൾ മഴ ശക്തമായേക്കും. ഡിസംബർ 10,11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top