തൃശൂരിൽ നടക്കാൻ പോകുന്നത് ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടം, കോൺഗ്രസ്സിന്റെ കണക്കുകൂട്ടലുകൾ ഇത്തവണ തെറ്റും !

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ തൃശൂരിലെ രാഷ്ട്രീയ പോരാട്ടത്തിനാണ് വീറും വാശിയും ഏറിയിരിക്കുന്നത്. ഹൈന്ദവ വോട്ടുകള്‍ക്കു പുറമെ മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ട് ബാങ്കായ ക്രൈസ്തവ വോട്ടുകളും ഇത്തവണ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. പ്രാധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നോടെ ക്രൈസ്ത വിഭാഗം കൂടുതലായി ബി.ജെ.പിയോട് അടുത്തു എന്നാണ് നേതൃത്വം കരുതുന്നത്. സാമുദായിക വോട്ടുകള്‍ക്കു പുറമെ സ്ത്രീവാട്ടുകളും പരമാവധി പെട്ടിയില്‍ വീഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ഒരു സമ്മേളനം നടത്തിയതും ആ വേദിയില്‍വച്ചു തന്നെ സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവിധ പദ്ധതികള്‍ മോദി എണ്ണിപറഞ്ഞതും ഇതിന്റെ ഭാഗമാണ്.

തൃശൂര്‍ ലോകസഭ മണ്ഡലം ബി.ജെ.പിയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. തൃശൂരിനു പുറമെ ബി.ജെ.പി നൂറു ശതമാനവും പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലം തിരുവനന്തപുരമാണ്. ഈ രണ്ടു സീറ്റുകളില്‍ വിജയിച്ചാല്‍ പിന്നെ സംസ്ഥാന ഭരണം പിടിക്കാന്‍ അധികം ദൂരമില്ലന്നതാണ് ദേശീയ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. കേന്ദ്രഭരണത്തിന്റെ സകല ആനുകൂല്യവും ഉപയോഗപ്പെടുത്തി തിരുവനന്തപുരവും തൃശൂരും പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി അധികം താമസിയാതെ തന്നെ മോദി തിരുവനന്തപുരത്തും ലാന്‍ഡ് ചെയ്യും.

നിയമസഭയില്‍ ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടമായതിനാല്‍ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടാണ് തൃശൂര്‍ – തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. സുരേഷ് ഗോപി വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കുമെന്നതാണ് ബി.ജെ.പി നല്‍കുന്ന ഉറപ്പ്. തൃശൂരിന് ഒരു കേന്ദ്രമന്ത്രിയെ ലഭിക്കാന്‍ താമരയ്ക്കു വോട്ട് ചെയ്യണമെന്ന പ്രചരണം ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ ശക്തമാണ്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയായ തൃശൂരിന്റെ മണ്ണില്‍ യു.ഡി.എഫ് നേതൃത്വം സീറ്റിംഗ് എം.പിയായ ടി എന്‍ പ്രതാപന്‍ തന്നെ ആയിരിക്കും ഇത്തവണയും രംഗത്തിറക്കുക. 2019 – ലെ തിരഞ്ഞെടുപ്പില്‍ 93,633 വോട്ടുകള്‍ക്കാണ് പ്രതാപന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെ തോല്‍പ്പിച്ചിരുന്നത്. അതിനു മുന്‍പു നടന്ന തിരഞ്ഞെടുപ്പിലേതിനേക്കള്‍ അറുപത്തിയെട്ടായിരത്തിലധികം വോട്ടാണ് ഇടതുപക്ഷത്തിന് നഷ്ടമായിരുന്നത്. മോദി വിരുദ്ധ വികാരം, മതന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, ശബരിമല വിഷയം എന്നിവയ്ക്കു പുറമെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതിന്റെ ആനുകൂല്യവും ആ തിരഞ്ഞെടുപ്പില്‍ പ്രതാപനാണ് ലഭിച്ചിരുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന പ്രചരണമാണ് തൃശൂരില്‍ എന്ന പോലെ തന്നെ കേരളത്തിലെ 19 മണ്ഡലങ്ങളിലും പ്രകടമായിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരുവോട്ടും ഇത്തവണ യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴുകയില്ല. ഇന്ത്യാ സഖ്യത്തില്‍ പോലും രാഹുല്‍ ഗാന്ധിയ്ക്ക് സ്വീകാര്യത ഇല്ലെന്നത് ഇതിനകം തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടതും കോണ്‍ഗ്രസ്സിന്റെ അവകാശ വാദത്തിന്റെ മുനയാണ് ഒടിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ ഇനി അഥവാ ഒരു ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ വന്നാല്‍ പോലും ഒരിക്കലും കോണ്‍ഗ്രസ്സില്‍ നിന്നും പ്രധാനമന്ത്രി ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഇന്ത്യാ സഖ്യത്തിലെ പ്രബല കക്ഷികള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് അതിനു പ്രധാന കാരണം.

അത്തരമൊരു സാഹചര്യത്തില്‍ മുന്‍പ് മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണച്ചതു പോലെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകും. ഇതേ കുറിച്ചെല്ലാം നല്ല ബോധ്യം തൃശൂരിലെ ജനങ്ങള്‍ക്കുമുണ്ട്. മാത്രമല്ല സംഘടനാപരമായും 2019 – ലെ സാഹചര്യമല്ല 2024-ല്‍ കോണ്‍ഗ്രസ്സിനുള്ളത്. 2019-ല്‍ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തനായ നേതാവുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. വി.എം. സുധീരന്‍ പറഞ്ഞതു പോലെ ഇന്ന് രണ്ടു ഗ്രൂപ്പിനു പകരം 5 ഗ്രൂപ്പുകളാണ് കോണ്‍ഗ്രസ്സിലുള്ളത്.

കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ തിരഞ്ഞെടുപ്പില്‍ പാലം വലിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും തല്‍സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ അത്തരം ഒരവസ്ഥ സൃഷ്ടിക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ തയ്യാറാകാനുള്ള സാധ്യതയും ഇത്തവണ കൂടുതലാണ്. കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരിന്റെ പല അവസ്ഥയും കണ്ടുപരിചയമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ പറഞ്ഞതില്‍ ഏത് സംഭവിച്ചാലും കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്കാണ് തള്ളപ്പെടുക. 2019-ല്‍ മൂന്നാംസ്ഥാനത്ത് എത്തിയ ബി.ജെ.പിയല്ല 2024ലെ ബി.ജെ.പി എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

ബി.ജെ.പി അതിന്റെ സംഘടനാ അടിത്തറ തൃശൂരിലും ഇപ്പോള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് അവിടെ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു തന്നെ ഏറെ നാളായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷവും തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തിരുന്നത്. ഇത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആവേശവും ചെറുതല്ല.

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസൊന്നും നിലവിലെ സാഹചര്യത്തില്‍ തൃശൂരില്‍ വിലപ്പോവാന്‍ സാധ്യതയില്ല. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന നീക്കം ഫലിച്ചാല്‍ തൃശൂരിന്റെ മാത്രമല്ല കേരളത്തിന്റെ ചരിത്രം കൂടിയാണ് മാറുക. അത്തരം ഒരു മാറ്റമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ കേരളത്തില്‍ ഒരു കാരണവശാലും താമര വിരിയിക്കില്ലന്ന വാശിയിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നത്.

സി.പി.ഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരും വലിയ വാശിയിലാണ് ഉള്ളത്. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെ മത്സരിപ്പിക്കണമെന്നതാണ് സി.പി.എം അണികള്‍ ആഗ്രഹിക്കുന്നത്. ഈ താല്‍പ്പര്യം സി.പി.ഐ നേതൃത്വത്തോട് സി.പി.എം നേതൃത്വവും തുറന്നു പറഞ്ഞിട്ടുണ്ട്. മികച്ച പ്രതിച്ഛായയുള്ള വി.എസ് സുനില്‍കുമാര്‍ രംഗത്തിറങ്ങിയാല്‍ പിന്നെ മത്സരം സുരേഷ് ഗോപിയും സുനില്‍കുമാറും തമ്മിലാകാനാണ് സാധ്യത. സിറ്റിംഗ് എം.പിയായ ടി എന്‍ പ്രതാപന്‍ ജനകീയനാണെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസ്സിന്റെ അവസ്ഥയും അദ്ദേഹത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top