battary bus service

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബാറ്ററിയില്‍ ഓടുന്ന ആദ്യ ബസ് സര്‍വീസ് തുടങ്ങി. ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായിയാണു പൂര്‍ണമായും മലിനീകരണ വിമുക്തമായ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്നതും ഒട്ടും മലിനീകരണം സൃഷ്ടിക്കാത്തതുമായ ബസ് ആണു പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതെന്നു മന്ത്രി അറിയിച്ചു. അടുത്ത ആറു മാസം രാജ്യതലസ്ഥാനത്തെ വീഥികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ബസ് സര്‍വീസ് നടത്തുമെന്നും റായി അറിയിച്ചു.

പരീക്ഷണം വിജയിച്ചാല്‍ ഇത്തരത്തില്‍പെട്ട കൂടുതല്‍ ബസ്സുകള്‍ സര്‍വീസിന് ഇറക്കാനാണു ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. വൈകാതെ 1,000 പുതിയ ബസ്സുകള്‍ വാങ്ങുന്ന ഘട്ടത്തില്‍ ഇത്തരം ബസ്സുകള്‍ക്കും പരിഗണന നല്‍കുമെന്നു റായി അറിയിച്ചു.

ഡല്‍ഹി ഡയലോഗ് കമ്മിഷന്‍(ഡി ഡി സി) ഉപാധ്യക്ഷന്‍ ആശിഷ് ഖേതാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ചൈന സന്ദര്‍ശന വേളയിലാണു ഡല്‍ഹിയില്‍ വൈദ്യുത ബസ് സര്‍വീസിനുള്ള സാധ്യത പഠിക്കാന്‍ തീരുമാനമായത്. ചൈന ആസ്ഥാനമായ ബി വൈ ഡി ഓട്ടോ ഇന്‍ഡസ്ട്രി നിര്‍മിച്ചു സ്മാര്‍ട് ഗ്രൂപ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ബസ് ആണ് ഇപ്പോള്‍ ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. പരീക്ഷണം വിജയമായാല്‍ ബി വൈ ഡി നിര്‍മിച്ച, ബാറ്ററിയില്‍ ഓടുന്ന 100 ബസ്സുകള്‍ നഗരത്തില്‍ സര്‍വീസിന് ഇറക്കാനാണു ഡി ഡി സിയുടെ പദ്ധതി.

പുതിയ ബസ്സിനായി ഡല്‍ഹി സര്‍ക്കാര്‍ പണമൊന്നും മുടക്കിയിട്ടില്ലെന്നു ഖേതാന്‍ വെളിപ്പെടുത്തി. അതേസമയം ബസ് പാര്‍ക്കിങ്, ചാര്‍ജിങ് പോയിന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍(ഡി ടി സി) ആണുലഭ്യമാക്കുന്നത് . ബസ്സിലെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ നാലു മണിക്കൂറാണു വേണ്ടത്. ഒരു തവണ പൂര്‍ണതോതില്‍ ചാര്‍ജ് ചെയ്താല്‍ 280 കിലോമീറ്റര്‍ താണ്ടാന്‍ ബസ്സിനു കഴിയും. കോര്‍പറേഷന്റെ മിലേനിയം ഡിപ്പോ കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരുടെ ഡി ടി സിയില്‍ നിന്നാണ്.

ഡല്‍ഹി സെക്രട്ടേറിയറ്റിനെയും സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനെയും ബന്ധിപ്പിച്ചു രാവിലെ 6.30 മുതല്‍ രാത്രി 9.20 വരെയാണു ബാറ്ററിയില്‍ നിന്ന് ഊര്‍ജം കണ്ടെത്തുന്ന ബസ്സിന്റെ സര്‍വീസ്; മൊത്തം 10 ട്രിപ്പുകളുണ്ടാവും. ഹൈഡ്രോളിക് സസ്പന്‍ഷനും എയര്‍ കണ്ടീഷനിങ്ങുമൊക്കെയുള്ള ബസ്സിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. 31 പേര്‍ക്കാണു ബസ്സില്‍ യാത്രാ സൗകര്യം; പരമ്പരാഗത ലോ ഫ്‌ളോര്‍ ബസ്സിനെ അപേക്ഷിച്ച് 10 സീറ്റ് കുറവാണിത്. അതുകൊണ്ടുതന്നെ ബസ്സിന്റെ പ്രവര്‍ത്തന ചെലവ് കിലോമീറ്ററിന് 12.06 രൂപയാവുമെന്നാണു കണക്കാക്കുന്നത്.

Top