കൊറോണയെ തുരത്താന്‍ ‘ബാറ്റ്മാന്‍ സ്യൂട്ടു’മായി ചൈനീസ് കമ്പനി

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുള്ള ബാറ്റ്മാന്‍ സ്യൂട്ടുമായി ചൈനീസ് കമ്പനി.

ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കമ്പനിയാണ് സോഷ്യല്‍മീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്.

അരഭാഗം വരെ മറക്കുന്ന ആവരണം പോലെ പ്രവര്‍ത്തിക്കുന്ന ബിഎ ബാറ്റ്മാന്‍ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാന്‍ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്.

വവ്വാലിന്റെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പെന്റ ചൈന മേധാവി ഡയോങ് സണ്‍ പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ നടക്കുമ്പോള്‍ കൊറോണ പകരുമെന്ന സാധ്യത ഇല്ലാതാക്കുന്നതാണ് ഈ ബാറ്റ്മാന്‍ സ്യൂട്ടെന്നാണ് പെന്റ ചൈന അവകാശപ്പെടുന്നത്.

പുറംഭാഗത്തെ പ്രത്യേകം അള്‍ട്രാ വയലറ്റ് നെറ്റ്‌വര്‍ക്ക് വഴി സ്യൂട്ടിന്റെ പുറത്ത് ചൂട് വര്‍ധിക്കും. ഇതുവഴി സ്യൂട്ടിന്റെ പുറംഭാഗം മുഴുവന് ചൂടാവുന്നതോടെ കൊറോണ വൈറസുമായി നേരിട്ട് സമ്പര്‍ക്കത്തിലായാല്‍ അവയേയും നശിപ്പിക്കാന്‍ ഈ സ്യൂട്ടിനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

പുറത്തിടാവുന്ന ബാഗ് പോലെയാണ് ഇത് ധരിക്കുക. കനം കുറഞ്ഞ കാര്‍ബണ്‍ ഫൈബറാണ് ചുറ്റുമുള്ള ആവരണത്തിന്റെ ഫ്രെയിമായി ഉപയോഗിക്കുന്നത്. പിവിസി ഫിലിം ഉപയോഗിച്ച് ഫ്രെയിമില്‍ ചുറ്റുന്നതോടെ ഉപയോഗിക്കുന്നവര്‍ക്ക് സംരക്ഷണ വലയമൊരുക്കാന്‍ ബാറ്റ്മാന്‍ സ്യൂട്ടിനാകുന്നു. ആവശ്യം കഴിഞ്ഞാല്‍ പുറത്ത് തൂക്കുന്ന ബാഗിലേക്ക് തിരിച്ച് മടക്കിവെക്കാനും സാധിക്കും.

Top