‘ബാറ്റ്മാന്‍’ സിനിമയുടെ സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഒരു വര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സെയ്ന്റ് എല്‍മോസ് ഫയര്‍, ദ ലോസ്റ്റ് ബോയ്‌സ് തുടങ്ങി 1980-90 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. 1976 ല്‍ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

1995-ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ല്‍ ബാറ്റ്മാന്‍ ആന്‍ഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.

Top