പുതിയ ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കി

റ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീന 2019-ലാണ് ഇലക്ട്രിക് ഹൈപ്പര്‍ കാറായ ബാറ്റിസ്റ്റയെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പുതിയ ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് കാലിഫോര്‍ണിയയിലെ മൊണ്ടേറി കാര്‍ വീക്കില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെറും രണ്ട് സെക്കന്റില്‍ ഈ വാഹനം 100 കിലോമീറ്റര്‍ വേഗതയിലെത്തും. ഈ വാഹനത്തെ ഇറ്റലിയിലെ വാഹന നിര്‍മാതാക്കളില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും കരുത്തനായ മോഡലെന്നാണ് വിശേഷിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍ കാറിന്റെ 150 യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുക. ബാറ്റിസ്റ്റ ആനിവേഴ്സറിയോ എന്ന പേരിലായിരിക്കും ഇതില്‍ അഞ്ച് വാഹനങ്ങള്‍ പുറത്തിറക്കുക.

ബാറ്റിസ്റ്റയുടെ കൂടുതല്‍ യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായിരിക്കും എന്നാണ് സൂചന. എന്നാല്‍, ഏഷ്യ, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് എത്തുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിസ്റ്റയില്‍ 120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്.

ഈ വാഹനത്തിന് കരുത്ത് പകരുന്നത് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ്. ഇത് 1900 ബിഎച്ച്പി കരുത്തും 2300 എന്‍എം ടോര്‍ക്കുമേകും. 350 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Top