ബാറ്റ് ചെയ്യാന്‍ പന്തില്ല; തിരഞ്ഞ് മടുത്തു, ഒടുവില്‍ കിട്ടിയത് അമ്പെയറുടെ പോക്കറ്റില്‍ നിന്ന്

കിങ്സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിന് ഇടയില്‍ രസകരമായ ഒരു സംഭവം നടന്നു. അടുത്ത ഡെലിവറിക്കായി ബൗളറും ഫീല്‍ഡര്‍മാരും ബാറ്റ്സ്മാനുമെല്ലാം സെറ്റ് ആയിരുന്നപ്പോഴാണ് തമാശ. ബാറ്റ് ചെയ്യാന്‍ പന്ത് കാണുന്നില്ല…

ബാംഗ്ലൂര്‍ ഇന്നിങ്സിലെ സ്ട്രാറ്റെജിക് ടൈം ഔട്ടിന് പിന്നാലെയാണ് പന്ത് കാണാതായത്. ബൗളേഴ്സ് എന്‍ഡില്‍ റണ്ണപ്പിനായി തയ്യാറായി നിന്ന കിങ്സ് ഇലവന്‍ ബൗളര്‍ അങ്കിത് രജ്പൂത് പന്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫീല്‍ഡര്‍മാരുടെ പക്കലൊന്നും പന്തുണ്ടായില്ല. നായകന്‍ അശ്വിന്‍ പന്ത് ചോദിച്ച് അമ്പെയര്‍ ഷംസുദ്ദീനിന്റെ അടുത്തുമെത്തി. ആ സമയം അമ്പെയര്‍ക്കും അറിയില്ല പന്ത് എവിടെ പോയെന്ന്.

ഒടുവില്‍ സഹികെട്ട് പന്ത് എവിടെയെന്ന് ആര്‍ക്കും പിടിയില്ലാതെ വന്നതോടെ ഫോര്‍ത് അമ്പെയര്‍ പുതിയ പന്തുമായി ക്രീസിലേക്കെത്തി. എന്നാല്‍ പന്തു കണ്ടുപിടിക്കാന്‍ റിപ്ലേ തന്നെ വേണ്ടി വന്നു. അമ്പെയര്‍ ഒക്സെന്‍ഫോര്‍ഡ് ടൈം ഔട്ടിന് മുന്‍പ് പന്ത് ഷംസുദ്ദീന് കൈമാറുന്നത് റിപ്ലേകളില്‍ കാണാം. ഷംസുദ്ദീന്‍ പന്ത് പോക്കറ്റിലേക്കും ഇടുന്നു. ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനിലും റിപ്ലേ തെളിഞ്ഞതോടെ കാര്യം പുറത്തായി.

Top