ബത്തേരി സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കി, കേസെടുത്തു

bus charge

ബത്തേരി: അച്ഛനെയും മകളെയും ബസില്‍ നിന്ന് തള്ളിവീഴ്ത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടപടിയായി. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. മാത്രമല്ല, ഇരുവര്‍ക്കുമെതിരെ മീനങ്ങാടി പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ബസിന്റെ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനടക്കം ശുപാര്‍ശ ചെയ്തുകൊണ്ട് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാര്യമ്പാടി മോര്‍ക്കാലയില്‍ വീട്ടില്‍ എംഎം ജോസഫ്, മകള്‍ നീതു എം ജോസഫ് എന്നിവര്‍ക്കാണ് ഇന്നലെ വൈകിട്ട് ദുരനുഭവം ഉണ്ടായത്. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ജോസഫിന്റെ രണ്ട് കാലിന്റെയും തുടയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഇദ്ദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അതേസമയം ബസില്‍ നിന്ന് തെറിച്ച് വീണ നീതുവിന്റെ ഇടതുകൈയ്ക്ക് പൊട്ടലും ചതവും ഉണ്ട്. ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതാണ് നീതു വീഴാന്‍ കാരണമായത്. തുടര്‍ന്ന് ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ ലതീഷ് പുറത്തേയ്ക്ക് തള്ളുകയായിരുന്നു. ഈ സമയത്ത് ഡ്രൈവര്‍ വിജീഷ് ബസ് മുന്നോട്ടെടുത്തു. തുടര്‍ന്ന് നിലത്ത് വീണ ജോസഫിന്റെ കാലുകള്‍ക്ക് മുകളിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

Top