ടോവിനോയുടെ കമെന്റിന് അത്യുഗ്രൻ മറുപടിയുമായി ബേസിൽ

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ് ടോവിനോ തോമസിന്റെയും ബേസിൽ ജോസഫിന്റെയും. ടോവിനോയുടെ പുതിയ ചിത്രം തല്ലുമാല തിയേറ്ററുകളിൽ തകർത്തോടുകയാണ്. ബേസിലാകട്ടെ താൻ നായകനായി ഓണത്തിന് റിലീസിനെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലും. ഇതിനിടെ പാൽതു ജാൻവറിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ബേസിൽ ഇട്ട പോസ്റ്റും അതിന് ടോവിനോ ചെയ്ത കമന്റും ബേസിൽ നൽകിയ മറുപടിയും വൈറലാവുകയാണ്.

പാൽതു ജാൻവറിന് യു സർട്ടിഫിക്കറ്റ് കിട്ടിയെന്നുള്ള പോസ്റ്റർ വ്യാഴാഴ്ചയാണ് ബേസിൽ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലിട്ടത്. ഹേയ് പാൽതൂ എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ? ശ്യോ പടം മാറി എന്നാണ് ടോവിനോ കമന്റ് ചെയ്തത്. അധികം വൈകാതെ തന്നെ അത്യു​ഗ്രൻ മറുപടിയുമായി ബേസിൽ രംഗത്തെത്തി.

ഹെയ് ബേബി .. ഹബീബി .. പാൽത്തൂനെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട? കണ്ണിന്റെ ഉള്ളില് കരട് പോയ വേദനയിണ്ട? കരളിന്റെ ഉള്ളില് കുളിരു പൊങ്ങണ തണുപ്പ് തോന്നണിണ്ട ? ഖൽബിന്റെ ഉള്ളില് ബൾബ് മിന്നണ വെട്ടം കാണാനിണ്ട ? ഉണ്ടെങ്കി ബാ മോനെ. തീയേറ്ററിലേക്ക് ബാ. രണ്ടാന്തി ബാ .. (FLUTE BGM.MP3) എന്നാണ് ബേസിൽ കുറിച്ചത്. ഇതിന് ‘ഔന്റെടാ’ എന്നൊരു റിപ്ലൈ കൂടി ഇട്ടിട്ടുണ്ട് ടോവിനോ. രണ്ടുപേരുടേയും കമന്റുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രമാണ് പാൽതു ജാൻവർ. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങൾ.

 

Top