ഉപമുഖ്യമന്ത്രിമാരില്ലാതെ ബസവരാജ് മന്ത്രിസഭ; സത്യപ്രതിജ്ഞ 2.15ന്

ബംഗളൂരു: യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം. ബസവരാജ് ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് മന്ത്രിസഭാവികസനം. ഉച്ചയ്ക്ക് 2.15ന് രാജ്ഭവനില്‍ വച്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്. വിവിധ സമുദായ നേതാക്കള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രിമാരേ വേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം. നിര്‍ണായക വോട്ട് ബാങ്കായ ലിംഗായയത്ത് വിഭാഗത്തിന് എട്ട് മന്ത്രിമാര്‍. ദളിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തില്‍ നിന്ന് ഏഴ് മന്ത്രിമാര്‍. പിന്നാക്ക വിഭാഗത്തിനും പരിഗണന നല്‍കിയാണ് 29 അംഗ മന്ത്രിസഭ വികസനം.

Top