ബാഴ്‌സലോണ തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യന്‍ സ്റ്റുവാനി

ബാഴ്‌സലോണ തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി യുറുഗ്വെ താരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി. സ്റ്റുവാനിയെ ബാഴ്‌സ നോട്ടമിട്ടിരുന്നതായി ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന സ്റ്റുവാനി കഴിഞ്ഞ ദിവസം ഒരു റേഡിയോ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്‌സലോണ എന്നെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്നത് സത്യമാണ്, അത്ര വലിയ ഒരു ക്ലബ് എന്നെക്കുറിച്ച് ആലോചിച്ചത് തന്നെ അഭിമാനിക്കാനുള്ള കാരണമാണ്, സ്റ്റുവാനി പറഞ്ഞു.

സ്റ്റുവാനിക്കായുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഘാന താരം കെവിന്‍ പ്രിന്‍സ് ബോട്ടെങ്ങിനെ ബാഴ്‌സ ടീമിലെത്തിച്ചതെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ സീസണിലാണ് ജിറോണ ആദ്യമായി ലാ ലീഗ കളിക്കുന്നത്. ലീഗില്‍ ടീമിനെ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സഹായിച്ചത് 21 ഗോള്‍ നേടിയ സ്റ്റുവാനിയുടെ പ്രകടനമായിരുന്നു. ഇക്കുറിയും ഗോള്‍ വേട്ടയില്‍ മികച്ച പ്രകടനം പുലര്‍ത്തുന്ന സ്റ്റുവാനിക്ക് മുന്നിലുള്ളത് ബാഴ്‌സ താരങ്ങളായ ലയണല്‍ മെസിയും ലൂയിസ് സുവാരസുമാണ്

Top