മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഈ വർഷം തന്നെ റിലീസിന് എത്തും

ലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കേരളക്കരയുടെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് അതിന് കാരണം. അതുകൊണ്ട് തന്നെയാണ് ബറോസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് ഇത്രയേറെ പ്രാധാന്യം ഏറാൻ കാരണവും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

ബറോസ് ഈ വർഷം തന്നെ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് സീസൺ അഞ്ച് വേ​ദിയിൽ ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും നടൻ പൃഥ്വിരാജും ഇക്കാര്യം ഉറപ്പിച്ചിരുന്നു. ലോകോത്തര നിലവാരമുള്ള ചിത്രമാണ് ബറോസ് എന്നാണ് കെ മാധവൻ പറഞ്ഞത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ഷൂട്ടും ഈ വർഷം ഉണ്ടാകുമെന്നും പൃഥ്വിരാജ് ഉറപ്പിച്ചിട്ടുണ്ട്.

അതേസമയം, ചിത്രം ഓണം റിലീസ് ആയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍ അടുത്തിടെ പറഞ്ഞിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്റെ ഭാഗമാകുന്നുണ്ട്. ദ ട്രെയിറ്റര്‍ പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ.

Top