barkha dutt quits ndtv after 21 years

ന്യൂഡല്‍ഹി: പ്രമുഖവാര്‍ത്താ അവതാരിക ബര്‍ക്ക ദത്ത് എന്‍ഡിടിവി ചാനല്‍ വിട്ടു.21 വര്‍ഷത്തെ നീണ്ട സേവനത്തിനു ശേഷമാണ് ബര്‍ക്ക ചാനലില്‍ നിന്ന് രാജിവെക്കുന്നത്.

1995 ല്‍ എന്‍ഡിടിവിയുടെ ഭാഗമായ ബര്‍ക്ക ചാനലില്‍ മാനേജിങ് എഡിറ്റര്‍ പദവി ഉള്‍പ്പടെ പല നിര്‍ണായക പദവികളും വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരവേയാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത എന്‍ഡിടിവി തങ്ങളുടെ വെബ്‌സൈറ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. 21 വര്‍ഷം ചാനലിന് ഒപ്പം പ്രവര്‍ത്തിച്ച ശേഷം പുതിയ അവസരങ്ങള്‍ തേടിപോകുന്ന ബര്‍ക്കയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി ചാനല്‍ വ്യക്തമാക്കി.

ലോകപ്രശസ്ത മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടാകും ബര്‍ക്കയുടെ അടുത്ത റോള്‍.അര്‍ണബ് ഗോസ്വാമിയെ പോലെ സ്വന്തമായി പുതിയ മാധ്യമസ്ഥാപനം തുടങ്ങാന്‍ ഒരുങ്ങുകയാണ് ബര്‍ക്കയും.

കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധമുഖത്ത് നിന്നുള്ള ബര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. പദ്മശ്രീ ബഹുമതി അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബര്‍ക്കയെ തേടി എത്തിയിട്ടുണ്ട്‌.

Top