കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ച ഉറ്റസൃഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

ബറേലി: ഉത്തര്‍പ്രദേശിലെ ഖേരിയില്‍ കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറ്റസൃഹൃത്തിനെ യുവാവ് തല്ലിക്കൊന്നു. ലക്ഷ്മിപൂര്‍ സ്വദേശി രാമുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമുവിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ബിര്‍ജു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമുവിന്റെ കയ്യില്‍ നിന്നാണ് ബിര്‍ജു പണം കടം വാങ്ങിയത്. എന്നാല്‍, പണം തിരികെ ചോദിക്കുമ്പോള്‍ ബിര്‍ജു, രാമുവിനെ അസഭ്യം വിളിക്കുമായിരുന്നു. പതിവുപോലെ പണം തിരികെ ചോദിക്കാനെത്തിയതിനെ തുടര്‍ന്ന് ചീത്ത വിളിക്കാനൊരുങ്ങിയ ബിര്‍ജുവിനെ രാമു തടഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബിര്‍ജു വടിയെടുത്ത് രാമുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രാമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

Top