പുതിയ ക്ലബ്; മെസ്സിക്കു താൽപര്യം ബാർസയോട്, വൻതുക ഓഫറുമായി അൽ ഹിലാ‍ൽ

ബാർസിലോന : അവസാന മിനിറ്റിലെ ഒരു ഗോളിൽ ‘കളി മാറും’ എന്ന പ്രതീക്ഷയിലാണ് എഫ്സി ബാർസിലോന ആരാധകർ! ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട അർജന്റീന താരം ലയണൽ മെസ്സിയെ വൻതുക നൽകി സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാ‍ൽ സജ്ജരായിരിക്കുന്നുണ്ടെങ്കിലും ബാർസയും പ്രതീക്ഷ കൈവിട്ടിട്ടില്ല.

സ്പാനിഷ് ക്ലബ്ബിലേക്കു തിരിച്ചെത്താൻ മെസ്സിക്കു താൽപര്യമുണ്ടെന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ഹോർഹെ മെസ്സി പറഞ്ഞു. ബാർസ പ്രസിഡന്റ് ജൊവാൻ ലപോർട്ടെയുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഹോർഹെയുടെ വാക്കുകൾ.

ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാർസയ്ക്കും മെസ്സിക്കും മുന്നിൽ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാൻസ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ൽ എഫ്എഫ്പി ചട്ടങ്ങൾ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാർസയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.

അതിനുശേഷം പ്രധാന താരങ്ങളുടെ പ്രതിഫലം കുറച്ചും ഫ്രീ ഏജന്റുകളായ കളിക്കാരെ മാത്രം ടീമിലെടുത്തും സാമ്പത്തിക നില സന്തുലിതമാക്കാനുള്ള ശ്രമത്തിലാണ് ബാർസ. ഇത്തവണ സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നീ സീനിയർ താരങ്ങൾ പോയതോടെ ക്ലബ്ബിന്റെ നില ഭദ്രമായി എന്ന വിശ്വാസത്തിലാണ് ബോർഡ്.

എന്നാൽ സൗദി ക്ലബ് അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലം (ഏകദേശം 3270 കോടി രൂപ) വാഗ്ദാനം ചെയ്തു നിൽക്കവേ, എഫ്എഫ്പി ചട്ടങ്ങൾ ലംഘിക്കാതെ മെസ്സിയെ ടീമിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ബാർസയ്ക്കു മുന്നിലുള്ളത്. മെസ്സി പ്രതിഫലം കുറയ്ക്കുകയും ബാർസ എഫ്എഫ്പി ചട്ടങ്ങൾ ലംഘിക്കുന്നില്ല എന്ന് ലാ ലിഗ പച്ചക്കൊടി വീശുകയും ചെയ്താൽ ബാല്യകാല ക്ലബ്ബിലേക്കുള്ള അർജന്റീന താരത്തിന്റെ തിരിച്ചു വരവ് യാഥാർഥ്യമാകും.

ബാർസയുമായുള്ള പുനഃസമാഗമത്തിന് മെസ്സിക്ക് പ്രചോദനമേകുന്ന ഒരാൾ ക്ലബ്ബിൽ മെസ്സിയുടെ സഹതാരവും ഇപ്പോൾ പരിശീലകനുമായ ചാവി ഹെർണാണ്ടസാണ്. മെസ്സിയുമായി സംസാരിച്ചെന്നും താൻ ശുഭാപ്തി വിശ്വാസത്തിലാണുമെന്നാണ് കഴിഞ്ഞ ദിവസം ചാവി പറഞ്ഞത്.

Top