മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ; ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍തുക മുടക്കും

ബാഴ്‌സലോണ: സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍തുക മുടക്കാനൊരുങ്ങി ബാഴ്‌സലോണ. ലിയോണല്‍ മെസിയെ തിരികെയെത്തിക്കാനുള്ള നീക്കം നടത്തുന്നതിനാല്‍ ടീമില്‍ വലിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. കഴിഞ്ഞ കുറേനാളുകളായി വന്‍കടക്കെണിയിലാണ് ബാഴ്‌സലോണ. സൂപ്പര്‍താരം മെസിയെപ്പോലും കൈവിടേണ്ടി വന്നിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായിട്ടില്ല. ടെലിവിഷന്‍ സംപ്രേഷണാവകാശവും ആസ്തികളും വിറ്റാണ് കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പണം മുടക്കാനുള്ള അവസരമൊരുക്കിയത്.

പ്രധാനതാരങ്ങളെ നിലനിര്‍ത്തിയ ബാഴ്‌സലോണ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ തുടങ്ങിയ താരങ്ങളെയെത്തിച്ച്, ടീം ശക്തമാക്കി. സീസണില്‍ റയലിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് സ്വന്തമാക്കിയ ബാഴ്‌സലോണ, നാല് വര്‍ഷത്തിനിടെ ആദ്യ ലാലിഗ കിരീടം നേടാനുള്ള ഒരുക്കത്തിലുമാണ്. നിലവിലെ ടീമില്‍ കോച്ച് സാവിക്ക് പൂര്‍ണതൃപ്തിയില്ല. സൂപ്പര്‍താരം മെസിയെ ബാഴ്‌സയിലേക്ക് തിരികെയെത്തിക്കാനുള്ള ആലോചനയും ശക്തം.

ജൂണില്‍ അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ മെസി ഇതുവരെ പുതുക്കിയിട്ടുമില്ല. മെസിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയ പത്താം നന്പറുകാരന്‍ അന്‍സു ഫാറ്റി പ്രതീക്ഷിച്ച മികവിലേക്കെത്താത്തതും ടീമിനെ അലട്ടുന്നപ്രശ്‌നം. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏകദേശം 1370 കോടി രൂപയാണ് ബാഴ്‌സ മുടക്കിയത്. അടുത്ത സീസണില്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇടപെടാന്‍ താരങ്ങളുടെ വേതനത്തില്‍ വന്‍കുറവ് വരുത്തണമെന്നാണ് ലാലിഗ നിര്‍ദേശം.

എന്നാല്‍ ഇത്തവണയും ആസ്തി വില്‍പ്പനയിലൂടെ 1735 കോടി രൂപയെങ്കിലും കണ്ടെത്താമെന്നാണ് ബാഴ്‌സലോണയുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 2200 കോടി രൂപ ബാഴ്‌സലോണ മുടക്കും. മെസി എത്തുമെങ്കില്‍ അന്‍സു ഫാറ്റിയടക്കമുള്ള പല താരങ്ങളെയും വില്‍ക്കേണ്ടിയും വരും.

Top