ഡോട്ട്മുണ്ട് താരം ഉസ്മാന്‍ ഡെംബാലയെ ബാഴ്‌സലോണ സ്വന്തമാക്കി

ബാഴ്‌സ: ഡോട്ട്മുണ്ട് താരം ഉസ്മാന്‍ ഡെംബാലയെ സ്വന്തമാക്കി ബാഴ്‌സലോണ.

അഞ്ചു വര്‍ഷത്തേക്കാണ് ഡെംബാലയുമായി ടീം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 12.4 കോടി ഡോളറാണ് കരാര്‍ തുക.

ഫ്രഞ്ച് താരമായ ഡെംബാല ബുണ്ടസ് ലീഗില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനായി കഴിഞ്ഞ സീസണില്‍ 10 ഗോളുകള്‍ നേടിയിരുന്നു. 21 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

കരാര്‍ ഒപ്പിടുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഡെംബാല ബാഴ്‌സയിലെത്തും. തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയനാകും. മെസി, സുവാരസ് സഖ്യത്തോടൊപ്പം 20 കാരനായ ഡെംബാലക്ക് ബാഴ്‌സയില്‍ കൂടുതല്‍ അവസരം നല്‍കിയേക്കും.

നെയ്മറിന്റെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റത്തെ തുടര്‍ന്ന് ബാഴ്‌സയില്‍ വലിയൊരു വിടവാണ് അനുഭവപ്പെട്ടത്. ഇത് മറികടക്കാന്‍ ടീം കണ്ണോടിച്ചത് രണ്ട് താരങ്ങളിലേക്കായിരുന്നു.

ലിവര്‍പൂളിന്റെ ഫിലിപ്പ് കുട്ടീഞ്ഞോയും ബൊറൂസിയ ഡോട്ട്മുണ്ടിന്റെ ഉസ്മാന്‍ ഡെംബാലയും. കുട്ടീഞ്ഞോയുടെ കാര്യത്തില്‍ ലിവര്‍പൂള്‍ പക്ഷെ, ഒരു അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഡെംബാല വരുന്നത് സ്ഥിരീകരിച്ചതോടെ ബാഴ്‌സ ക്യാമ്പ് ആശ്വാസത്തിലാണ്.

Top