ബാഴ്സയ്ക്ക് തിരിച്ചടിയായി ഫിലിപ്പെ കുടിന്യോയുടെ പരിക്ക്

ബാഴ്സലോണ: ഐബറിനെതിരേയുള്ള മത്സരത്തിനിടെ ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുടിന്യോയ്ക്ക് പരിക്ക്. കാൽ മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് താരത്തിന് മൂന്നുമാസത്തെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ലാ ലിഗയില്‍ ഫോമിലേക്കുയരാത്ത ബാഴ്സയ്ക്ക് കുടിന്യോയുടെ പരിക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്.

2018 ജനുവരിയിലാണ് 192 മില്യണ്‍ ഡോളറിന് കുടിന്യോ ബാഴ്സയുടെ ടീമിൽ എത്തുന്നത്. പിന്നീട് താരാധിക്യം മൂലം കുടിന്യോയെ ലോണില്‍ ബയേണ്‍ മ്യൂണിക്കിന് നല്‍കിയിരുന്നു. ബയേണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്താനും താരത്തിന് സാധിച്ചു. ഈ സീസണില്‍ ബാഴ്സയിലേക്ക് തിരിച്ചെത്തിയ കുടിന്യോ ടീമിനായി മൂന്നുഗോളുകള്‍ നേടിയിരുന്നു.

Top