ബയേണിന് മുന്നിൽ തോൽവി വഴങ്ങി ബാഴ്‌സലോണ

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ഗ്രൂപ്പ് സിയില്‍ ബയേണിന്റെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സാവി ഹെര്‍ണാണ്ടസിന്റെയും സംഘത്തിന്റെയും തോല്‍വി.

ആദ്യ പകുതിയിലുടനീളം നഷ്ടപ്പെടുത്തിയ മികച്ച അവസരങ്ങളാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്നെയായിരുന്നു ഇതില്‍ പലതും നഷ്ടപ്പെടുത്തിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയോട് കഴിഞ്ഞ 12 തവണ ഏറ്റുമുട്ടിയതില്‍ ഒമ്പതിലും ജയം നേടാന്‍ ബയേണിനായി. രണ്ടു മത്സരങ്ങളില്‍ മാത്രം പരാജയപ്പെട്ടപ്പോള്‍ ഒന്ന് സമനിലയിലായി.

കഴിഞ്ഞ ഏതാനും സീസണുകളില്‍ ബയേണിന് മുന്നില്‍ കളിമറന്നിരുന്ന ബാഴ്‌സയേയല്ല അലിയന്‍സ് അരീനയില്‍ കണ്ടത്. ലെവന്‍ഡോസ്‌കിയും ഗാവിയും റഫീഞ്ഞ്യും പെഡ്രിയുമെല്ലാം ചേര്‍ന്ന് മികച്ച മുന്നേറ്റങ്ങളാണ് ആദ്യ പകുതിയില്‍ സൃഷ്ടിച്ചത്. ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ മികവാണ് ബയേണിനെ ഗോള്‍ വഴങ്ങാതെ കാത്തത്.

Top