മെസ്സിയുടെ ബാഴ്‌സയിലേക്ക് എംബാപ്പെ എത്തുമോ; മുന്നോട്ട് വച്ചിരിക്കുന്നത് വമ്പന്‍ ഓഫര്‍

മാഡ്രിഡ്: ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളാണ് എന്നാല്‍ ലോക ഫുട്‌ബോളിലെ മികച്ച യുവ താരമാരെന്ന് ചോദിച്ചാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിപ്പോള്‍ ഒറ്റ ഉത്തരമേയുള്ളു. ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയാണ് ആ ബഹുമതിക്കുടമ.

ഭാവിയില്‍ എംബാപ്പെ ഈ ഇതിഹാസ താരങ്ങള്‍ക്കപ്പം വളര്‍ന്നെത്തും എന്ന കാര്യത്തില്‍ ആര്‍ക്കുമൊരു സംശയവുമില്ല. 19ാം വയസില്‍ തന്നെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ എംബാപ്പെയെ തേടി ഇതിനകം എത്തിയത് നിരവധി ക്ലബുകളുടെ ഓഫറുകളാണ്. ഇപ്പോഴും യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ പലതും എംബാപ്പെയെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനായി ശ്രമം തുടരുന്നുണ്ട്.

ഇപ്പോഴിതാ താരത്തിന് മുന്നില്‍ മികച്ച ഓഫറുമായി വന്നിരിക്കുകയാണ് സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണ. 150 കോടിയിലേറെ പ്രതിഫലം വാഗ്ദാനം ചെയ്താണ് കറ്റാലന്‍ കരുത്തര്‍ ഫ്രഞ്ച് താരത്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ടീമിലുള്ള ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ പിഎസ്ജിക്ക് കൈമാറി എംബാപ്പെയെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നതെന്ന് വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ പിഎസ്ജിയില്‍ എംബാപ്പെയുടെ സഹ താരമായി കളിക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കുട്ടീഞ്ഞോ പാരിസിലെത്തുന്നതില്‍ സന്തോഷവാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമില്‍ ഒരുമിച്ചു കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളും കൂടിയാണ്. ഏതായാലും ബാഴ്‌സലോണയുടെ ഈ വമ്പന്‍ ഓഫര്‍ എംബാപ്പെ സ്വീകരിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Top