വിയ്യാറയലിനെതിരെ വിജയം; ലാ ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടർന്ന് ബാഴ്‌സ

മഡ്രിഡ്: തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടര്‍ന്ന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്ന ബാഴ്‌സ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 11 പോയന്റിന്റെ അനിഷേധ്യ ലീഡ് സ്വന്തമാക്കി.

എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ 16-ാം മത്സരമാണ് ബാഴ്‌സ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്നത്. 2022 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട ശേഷം പിന്നീട് ബാഴ്‌സ തോല്‍വി രുചിച്ചിട്ടില്ല.

വിയ്യാറയലിനെതിരേ 18-ാം മിനിറ്റില്‍ യുവതാരം പെഡ്രിയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ജയത്തോടെ 21 കളികളില്‍ നിന്ന് 56 പോയന്റുമായി ലാ ലിഗയില്‍ ബാഴ്‌സ വ്യക്തമായ ലീഡ് സ്വന്തമാക്കി. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 20 കളികളില്‍ നിന്ന് 45 പോയന്റാണുള്ളത്.

Top