ടൂര്‍ണമെന്റുകള്‍ നിര്‍ത്തി വച്ചു; സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാനൊരുങ്ങി ബാര്‍സിലോന

മഡ്രിഡ്: ലാലിഗയും ചാംപ്യന്‍സ് ലീഗും ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങളുടെയും പരിശീലകര്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്റ്റാഫംഗങ്ങളുടെയും പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി സ്പാനിഷ് ക്ലബ് ബാര്‍സിലോന.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ക്ലബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനം. മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നതുവരെയുള്ള ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍സയുടെ ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സൂപ്പര്‍താരങ്ങളുടേത് ഉള്‍പ്പെടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കാര്യം ചര്‍ച്ചയായത്.

ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവാണ് ക്ലബ് നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതേസമയം, താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കളിക്കളങ്ങള്‍ വീണ്ടും സജീവമാകുന്നതുവരെയുള്ള കാലയളവില്‍ താരങ്ങളുടെ പ്രതിഫലം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്ന കാര്യമാണ് ക്ലബ് പരിഗണിക്കുന്നതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇഎസ്പിഎല്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാര്‍സിലോനയില്‍ ഒരു താരത്തിന്റെ ശരാശരി വാര്‍ഷിക പ്രതിഫലം 90 കോടിയിലധികം രൂപയാണെന്നാണ് കണക്ക്. ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സാലറി സര്‍വേയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശരാശരി പ്രതിഫലം നല്‍കുന്ന ക്ലബ്ബും ബാര്‍സയാണ്. ഈ സാഹചര്യത്തില്‍ വരുമാനമില്ലാതെ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ക്ലബ്ബിന്റെ സാമ്പത്തികാടിത്തറയെ ബാധിക്കുമെന്നതിനാലാണ് പുതിയ നീക്കം.

Top